കേരളത്തിലെ സർക്കാർ / എഡ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് സെപ്റ്റംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ല.
യോഗ്യത
എസ്‌എസ്‌എൽസി / പത്താം ക്ലാസ് / തുല്യ പരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിന് പരിഗണിക്കുക. 2018 മാർച്ചിന് മുൻപ് വെവ്വേറെ സ്കൂൾ / ബോർഡ് തല പരീക്ഷകളുണ്ടായിരുന്ന വർഷങ്ങളിൽ യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ ഇക്കാര്യത്തിലെ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.
സ്‌കൂൾതല സിബിഎസ്‌ഇ ക്കാരെ മുഖ്യ അലോട്മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും. സിബിഎസ്‌ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേഡ്’ ജയിച്ചവർക്ക് മാത്രമേ മാത്‌സ് ഉൾപ്പെട്ട വിഷയങ്ങളുടെ കോംബിനേഷൻ എടുക്കാൻ കഴിയൂ.
2021 ജൂൺ ഒന്നിന് 15–20 വയസ്സാണ് പ്രായപരിധി. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്ന് ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്ക് കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് നിർദിഷ്ട അധികാരികളിൽനിന്നു വാങ്ങാം. കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും. പട്ടികവിഭാഗക്കാർക്ക് 22, കാഴ്ച / ശ്രവണ പരിമിതർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയാകാം.
അപേക്ഷ
അപേക്ഷ ഓൺലൈനായി മാത്രം. www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കൻഡറി സൈറ്റിലെത്തി, CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷ. ഓപ്ഷൻ നൽകൽ, ഫീസ് അടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെ.
പ്രോസ്പെക്ടസിന്റെ 4, 5, 8 അനുബന്ധങ്ങളിൽ ഫോമിന്റെ മാതൃകയും അപേക്ഷിക്കാനുള്ള നിർദേശങ്ങളുമുണ്ട്. രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ നൽകുന്ന വിവരങ്ങളനുസരിച്ചാണു സിലക്‌ഷൻ. ഭിന്നശേഷിക്കാരും, 10–ാം ക്ലാസിൽ Other (കോഡ് 9) സ്കീമിൽ പെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യാൻ മറക്കരുത്.
ഓൺലൈൻ അപേക്ഷ തനിയെ സമർപ്പിക്കാൻ കഴിയാത്തവർക്ക്, പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി സമർപ്പിക്കാം. സംശയപരിഹാരത്തിന് ഈ വിഭാഗങ്ങളിൽപെട്ട എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌കുകളുണ്ട്.
മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ 2 അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്കുകൂടി അപേക്ഷിക്കുന്നതിന് തടസ്സമില്ല. ഇതിനു വെവ്വേറെ അപേക്ഷ നൽകണം. അപേക്ഷാഫീ 25 രൂപ പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷയുടെ പ്രിന്റ് സ്കൂളിൽ നൽകേണ്ട.
മാനേജ്‌മെന്റ് / അൺ–എയ്ഡഡ് / കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അവയിലേക്ക് അതത് മാനേജ്‌മെന്റ് നൽകുന്ന ഫോം വാങ്ങി പൂരിപ്പിച്ച് നിർദേശാനുസരണം സമർപ്പിക്കണം. സർക്കാരിന്റെ ഏകജാലകഫോം ഇക്കാര്യത്തിന് ഉപയോഗിച്ചുകൂടാ.
ഓപ്ഷനുകൾ
ഒരു സ്കൂളും ഒരു വിഷയ കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്. പ്രോസ്പെക്ടസിന്റെ 7–ാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയ–കോംബിനേഷനുകളും (കോഴ്സ് കോഡുകൾ) ഉണ്ട്. എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം. ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം ലഭിച്ചാൽ, അതിന് താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും.
അപേക്ഷയിൽ നാം ഇഷ്‌ടപ്പെടുന്ന സ്‌കൂളുകളും ഐച്ഛിക വിഷയങ്ങളുടെ കോംബിനേഷനുകളും മുൻഗണനാക്രമത്തിൽ സമർപ്പിക്കാം.
ഇഷ്ടപ്പെട്ട സ്ഥാപനത്തിലെ പ്രവേശന സാധ്യതയെപ്പറ്റി ഏകദേശരൂപം കിട്ടാൻ കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരുടെ അവസാന റാങ്കുകാരുടെ ഗ്രേഡ് പോയിന്റുകൾ വെബ് സൈറ്റിൽ കൊടുത്തിട്ടുള്ളതു നോക്കാം.
സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ശാഖകളിലായി പല വിഷയങ്ങളുടെ 45 കോംബിനേഷനുകൾ ഉണ്ട്. അഭിരുചിക്ക് ഇണങ്ങുന്ന കോംബിനേഷനുകൾ മുൻഗണനാക്രമത്തിലടുക്കണം. പ്രോസ്‌പെക്ടസിലുള്ള പട്ടികയിൽ നിന്ന് ഇഷ്‌ടമുള്ളവ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് മുൻഗണനാക്രമത്തിലടുക്കിയിട്ടു വേണം അപക്ഷയിലെ 24–ാം കോളത്തിലെ പട്ടിക പൂരിപ്പിക്കാൻ. പകർപ്പെടുത്ത് അതിൽ പൂരിപ്പിച്ച്, എല്ലാം ശരിയെന്നുറപ്പുവരുത്തിയശേഷം ഫോമിൽ പകർത്തുന്നതു നന്നായിരിക്കും. ഓപ്‌ഷനുകൾ തീരുമാനിക്കുന്നതിന് മുൻപ് മുതിർന്നവരോടു ചർച്ചചെയ്യുക. പ്ലസ് വൺ ജീവിതത്തിന്റെ വഴി തിരിയുന്ന ഘട്ടമാണ്.
അലോട്മെന്റ്
അപേക്ഷാ സമർപ്പണത്തിൽ വീഴ്‌ച വന്നാൽ തിരുത്താൻ അവസരം ലഭിക്കും. അതിനുവേണ്ടിയാണ് ട്രയൽ അലോട്‌മെന്റ് സെപ്റ്റംബർ 7ന് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. ഉദ്ദേശിക്കാത്ത ഏതെങ്കിലും ഓപ്‌ഷനിൽ കടന്നെത്തി, ഇഷ്ടപ്പെടാത്ത സ്‌കൂളിലോ കോംബിനേഷനിലോ അലോട്‌മെന്റ് വന്നെന്നു കണ്ടാൽ, ലോഗിൻ വഴി ഈ ഘട്ടത്തിൽ പിശകു തിരുത്താൻ അവസരമുണ്ട്. തുടർന്ന് 2 അലോട്മെന്റുകളടങ്ങുന്ന ‘മുഖ്യ അലോട്‌മെന്റ്’ നടത്തും. ഇതു കഴിഞ്ഞാണ് സപ്ലിമെന്ററി അലോട്മെന്റ്. ഇതിനുള്ള ഒഴിവുകൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. മുഖ്യ അലോട്മെന്റിൽ ഒന്നും കിട്ടാത്തവർ ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ബുദ്ധിപൂർവം മാറ്റി അപേക്ഷ പുതുക്കണം. മുൻപ് അപേക്ഷിക്കാത്തവർക്കും മുഖ്യ അപേക്ഷാ സമർപ്പണത്തിനു ശേഷം യോഗ്യത നേടിയവർക്കും സ്‌കൂൾ–തല സിബിഎസ്‌ഇക്കാർക്കും ഈ സമയത്ത് അപേക്ഷ നൽകാം.
പ്രവേശനം
ആദ്യ അലോട്‌മെന്റിൽ തന്നെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂളും കോംബിനേഷനും കിട്ടിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ഫീസടച്ച് സ്‌ഥിരം പ്രവേശനം നേടാം. പക്ഷേ ചിലർക്ക് ഫോമിൽ എഴുതിക്കൊടുത്ത മുൻഗണനാക്രമത്തിൽ, ആദ്യമുള്ളതാവില്ല കിട്ടിയത്. പിന്നീട് ഒഴിവു വന്നശേഷം മാറാമെന്ന് ആഗ്രഹിക്കുന്നെങ്കിൽ, രേഖകൾ സ്കൂളിൽ ഏൽപ്പിച്ച് താൽക്കാലികപ്രവേശനം മതിയെന്ന് വയ്ക്കാം.
ഫീസടയ്‌ക്കേണ്ട. കാത്തിരുന്ന് ഇഷ്‌ടപ്പെട്ട മാറ്റം കിട്ടിയാൽ, പുതിയതിലേക്കു പോയി സ്‌ഥിരം പ്രവേശനം വാങ്ങാം. മുഖ്യ അലോട്മെന്റ് കഴിയുന്നതിന് മുൻപ് പ്രവേശനം സ്ഥിരമാക്കാൻ ശ്രദ്ധിക്കണം. അലോട്‌മെന്റ് കിട്ടിയവർ നിശ്ചിതസമയത്തിനകം ഫീസടച്ചു ചേരാതിരുന്നാൽ പ്രവേശനചാൻസ് നഷ്‌ടപ്പെടും. ഏതെങ്കിലും ഘട്ടത്തിൽ താൽക്കാലികത്തെ സ്‌ഥിരമാക്കണമെന്നു തോന്നിയാൽ ഫീസടച്ചു ചേരുക. നേരത്തേ സമർപ്പിച്ച ഉയർന്ന ഓപ്‌ഷനുകൾ എല്ലാമോ, അവയിൽനിന്നു തിരഞ്ഞെടുത്തവ മാത്രമോ റദ്ദ് ചെയ്യണമെന്ന് അറിയിക്കുക. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ച കുട്ടിക്ക് എല്ലായിടത്തും ഒരുമിച്ച് അലോട്മെന്റ് കിട്ടി, ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റു ജില്ലയിലെ / ജില്ലകളിലെ ഓപ്‌ഷനുകൾ സ്വയം റദ്ദാകും. ഒരു ജില്ലയിൽ മാത്രമാണ് ആദ്യം പ്രവേശനം കിട്ടുന്നതെങ്കിൽ, തുടർന്നു മറ്റൊരു ജില്ലയിൽ അവസരം കിട്ടിയാൽ അങ്ങോട്ടു പോകാം.
ട്രയൽ അലോട്‌മെന്റ് – സെപ്റ്റംബർ 7. ആദ്യ അലോട്‌മെന്റ് – 13. മുഖ്യ അലോട്‌മെന്റ് സെപ്റ്റംബർ 29 വരെ. പക്ഷേ സപ്ലിമെന്ററിയടക്കം അഡ്‌മിഷൻ നവംബർ 15 വരെ തുടരും. സ്പോട്സ് / കമ്യൂണിറ്റി / മാനേജ്മെന്റ് ക്വോട്ട പ്രവേശനത്തീയതികൾ വേറെ. ഇവ പ്രോസ്പെക്ടസിലുണ്ട്.
സംശയ പരിഹാരത്തിനു ഫോൺ: 0471 – 2529855.
വിഎച്ച്എസ്ഇ
വൊക്കേഷനൽ ഹയർ സെക്കൻഡറിയിലേക്ക് അപേക്ഷിക്കാൻ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary (Vocational) Admission എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. പ്രോസ്പെക്ടസ് അടക്കമുള്ള വിവരങ്ങൾ ലഭിക്കും..
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
- പ്രവേശനനടപടികൾ ഓൺലൈനിൽ. സാധാരണഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ട.
- പ്രവേശനത്തിന് ഒടിപി പാസ്‌വേഡ് ‘കാൻഡിഡേറ്റ് ലോഗിൻ’ രീതി.
- അപേക്ഷാഫീ 25 രൂപ; അപേക്ഷാ സമർപ്പണ വേളയിൽ അടയ്ക്കേണ്ട. പ്രവേശന സമയത്ത് മറ്റു ഫീസിനോടൊപ്പം നൽകാം.
- അപേക്ഷയുടെ പ്രിന്റ് വെരിഫിക്കേഷനു വേണ്ടി സ്കൂളിൽ നൽകേണ്ട.
- സിബിഎസ്ഇ സ്റ്റാൻഡേഡ് ലെവൽ മാത്‌സ് ജയിച്ചവരെ മാത്രമേ മാത്‌സ് അടങ്ങിയ കോംബിനേഷനുകളിലേക്ക് പരിഗണിക്കൂ. ബേസിക്കുകാർക്ക് മറ്റു കോംബിനേഷനുകളിലേക്ക് അപേക്ഷിക്കാം.
You must be logged in to post a comment Login