തിരുവനന്തപുരം: പേടിഎം എന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പേരില്‍ നിരവധി ഉപയോക്താക്കളെ കബളിപ്പിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കോവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിന് കൂടുതല്‍ പേരും ഇ-വാലറ്റുകളെ ആശ്രയിക്കുന്നു. അതേസമയം, തങ്ങള്‍ ഒരു വലിയ ക്യാഷ്ബാക്ക് നേടിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസനീയമായ അറിയിപ്പുകള്‍ അയച്ചുകൊണ്ട് ആളുകളെ കബളിപ്പിക്കാനുള്ള അവസരമായി തട്ടിപ്പുകാര്‍ ഇതിനെ ഉപയോഗിക്കുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പേടിഎമ്മില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റില്‍ നിന്ന് അറിയിപ്പുകള്‍ ലഭിക്കുന്നു. ‘അഭിനന്ദനങ്ങള്‍! നിങ്ങള്‍ പേടിഎം സ്‌ക്രാച്ച് കാര്‍ഡ് നേടി’ എന്നായിരിക്കും നോട്ടിഫിക്കേഷന്‍. ഇതിനോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ഒരു വ്യാജ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും. രസകരമെന്നു പറയട്ടെ, ഈ ലിങ്ക് ഒരു സ്മാര്‍ട്ട്‌ഫോണില്‍ മാത്രമേ പ്രവര്‍ത്തിക്കൂ, പിസിയില്‍ അനങ്ങില്ല. മിക്ക ഉപയോക്താക്കളും വ്യാജ ഓഫറിലേക്ക് വീഴാന്‍ കാരണം വെബ്‌സൈറ്റ് യഥാര്‍ത്ഥ പേടിഎം പോലെ തന്നെയാണെന്നതാണ്.
അറിയിപ്പില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍, സ്‌ക്രീനിന്റെ ചുവടെയുള്ള ‘പേടിഎമ്മിലേക്ക് റിവാര്‍ഡ് അയയ്ക്കുക’ എന്ന് പറയുന്ന ഒരു ബട്ടണിനൊപ്പം നിങ്ങള്‍ക്ക് 2,647 രൂപയുടെ ക്യാഷ്ബാക്ക് ലഭിച്ചുവെന്ന് വെബ്‌സൈറ്റ് പ്രദര്‍ശിപ്പിക്കുന്നു. മിക്കവരും ബട്ടണില്‍ നേരിട്ട് ക്ലിക്ക് ചെയ്യും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, വ്യാജ പേടിഎം വെബ്‌സൈറ്റിന് പകരമായി നിങ്ങളെ യഥാര്‍ത്ഥ പേടിഎം ആപ്ലിക്കേഷനിലേക്ക് റീഡയറക്ടുചെയ്യും, അതില്‍ തുക നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും. അനന്തരഫലങ്ങള്‍ മനസിലാക്കാതെ നിങ്ങള്‍ പേയ്‌മെന്റ് നടത്തുകയാണെങ്കില്‍, തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുകയും, പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറുകയും ചെയ്യും.
പേടിഎം ആപ്ലിക്കേഷനില്‍ നിന്ന് മാത്രമേ ക്യാഷ് ബാക്കുകള്‍ നേടാനാകൂ എന്നും തേര്‍ഡ് പാര്‍ട്ടിക്കോ മറ്റ് വെബ്‌സൈറ്റുകള്‍ക്കോ ഇത് വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്നും ഓര്‍ക്കുക. സംശയാസ്പദമായി തോന്നുന്നതും തെറ്റായ ഫോര്‍മാറ്റോടു കൂടിയതുമായ ലിങ്കിനെക്കുറിച്ച് എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണം. ക്യാഷ്ബാക്കിനെക്കുറിച്ച് അറിയിക്കാന്‍ പേടിഎം ഒരിക്കലും ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനും ഉപയോഗിക്കില്ല. ഒരു പേയ്‌മെന്റ് നടത്തുമ്പോഴോ മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യുമ്പോഴോ പേടിഎം ആപ്ലിക്കേഷനില്‍ തന്നെ ഒരു അറിയിപ്പ് ലഭിക്കും.
ഈ ഫ്രോഡ് ആക്രമണം മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്, കാരണം ഭൂരിഭാഗം ഉപയോക്താക്കളും സ്മാര്‍ട്ട്‌ഫോണുകളില്‍ പേടിഎം ഉപയോഗിക്കുന്നു. ഫിഷിംഗ് ആക്രമണത്തിന്റെ നിരവധി കേസുകളില്‍ ഒന്നാണിത്. തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി പ്രവേശനം നേടുന്നതിനായി വാട്ട്‌സ്ആപ്പില്‍ വ്യാജ ലിങ്കുകള്‍ അയയ്ക്കുന്നു. സംശയാസ്പദമെന്ന് തോന്നുന്ന ഒരു സന്ദേശമോ ലിങ്കോ ഒഴിവാക്കുകയും ഔദ്യോഗിക വെബ്‌സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം.
You must be logged in to post a comment Login