കോഴിക്കോട്: പ്രതിഷേധവും ചെറുത്തുനിൽപും വകവെക്കാതെ അതിവേഗ റെയിൽ പദ്ധതിക്ക് വായ്പ അപേക്ഷക്ക് അനുമതി. സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529 കിലോമീറ്റർ അർധ അതിവേഗ പദ്ധതിക്ക് വിദേശവായ്പയെടുക്കാൻ അപേക്ഷ നൽകുന്നതിനാണ് നിതി ആയോഗും റെയിൽവേ ബോർഡും അനുമതി നൽകിയത്.
ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാൻ കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ (കെ.ആർ.ഡി. സി.എൽ.) സമർപ്പിച്ച അപേക്ഷയിൽ കേന്ദ്ര സർക്കാറിന്റെ അനുമതിയായതോടെ അതിവേഗ പാതയുടെ ചൂളംവിളിക്ക് സാധ്യത തെളിയുകയാണ്.
64,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 33,000 കോടി രൂപ വിദേശ വായ്പ എടുക്കാനാണ് കെ.ആർ.ഡി.സി.എൽ. നീക്കം. വിദേശ ഏജൻസിയായ ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ സമർപ്പിച്ച രേഖകളിൽ നിതി ആയോഗ് വിശദീകരണം തേടിയിരുന്നു. ഇതേതുടർന്ന് പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച് റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ടെക്നിക്കൽ ഇക്കണോമിക് സർവിസ് ലിമിറ്റഡ് (ആർ.ഐ.ടി.ഇ.എസ്) റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് വായ്പ അപേക്ഷക്ക് അനുമതി നൽകിയത്.
33,000 കോടി രൂപക്ക് വിദേശ ബാങ്കുകളായ ജപ്പാൻ ഇൻറർനാഷനൽ കോ-ഓപറേഷൻ ഏജൻസി (ൈജക), ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക്, ജർമൻ ഡെവലപ്മെൻറ് ബാങ്ക് (കെ.എഫ്.ഡബ്ല്യൂ) എന്നീ സ്ഥാപനങ്ങളെ ആശ്രയിക്കാനാണ് നീക്കം. പദ്ധതിക്ക് വായ്പ ലഭ്യമാകണമെങ്കിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയും കേന്ദ്ര ഗവൺമെൻറിന്റെ അന്തിമാനുമതിക്ക് ശേഷമേ സ്ഥലമേറ്റെടുപ്പ് ആരംഭിക്കാവൂ വെന്ന ഹൈക്കോടതി വിധിയും വായ്പ നീക്കത്തിന് കരിനിഴൽ വീഴ്ത്തുന്നുണ്ട്.
നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ ചെന്നൈ സോണിൽ സമരസമിതി സമർപ്പിച്ച പരാതിയും തടസ്സമായി മുന്നിലുണ്ട്. പദ്ധതിക്ക് 1383 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. ആദ്യഘട്ട സ്ഥലമേറ്റെടുപ്പിന് ഹഡ്കോ 3000 കോടി രൂപ അനുവദിച്ചിരുന്നു. കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഒന്നാം ഘട്ടത്തിന് 320 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഇതിന് 3750 കോടിയോളം രൂപ വേണ്ടിവരും. തുടർന്നുള്ള ഏറ്റെടുക്കലിന് വേണ്ടിവരുന്ന 13, 265 കോടി രൂപക്ക് കിഫ്ബി, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ എന്നിവയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെയും സംസ്ഥാന സർക്കാറിന്റെയും സംയുക്ത സംരംഭമാണ് അതിവേഗ പദ്ധതി. പദ്ധതിക്ക് വായ്പ ലഭിച്ചിട്ടില്ലെന്നും വായ്പക്കുള്ള അപേക്ഷ നൽകുന്നതിനുള്ള അനുമതി മാത്രമാണ് ലഭിച്ചതെന്നും കെ.റെയിൽ എം.ഡി വി. അജിത്കുമാർ പറഞ്ഞു. 11 സ്റ്റേഷനുകളാണ് ഉണ്ടാവുക. തുടക്കത്തിൽ ഒമ്പതു കോച്ചുകളുണ്ടാവും. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ആശങ്കയിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധവും തുടരുകയാണ്.
You must be logged in to post a comment Login