തിരുവനന്തപുരം: തുല്യതാ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പട്ടികവർഗ വിഭാഗക്കാരായ പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സാക്ഷരതാ മിഷൻ നടത്തിയ ഹയർസെക്കൻഡറി തുല്യതാപരീക്ഷയിൽ വിജയികളായ പട്ടികവർഗ വിഭാഗക്കാരായ പഠിതാക്കളെ അഭിനന്ദിക്കുന്നതിനായി നടത്തിയ ഓൺലൈൻ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഹയർസെക്കൻഡറി തുല്യതാപരീക്ഷ വിജയിക്കുന്ന ആദിവാസി വിഭാഗത്തിൽപെടുന്ന പഠിതാക്കൾക്ക് വീട് അനുവദിക്കുന്ന പദ്ധതികളിൽ മുൻഗണന നൽകും. 223 ആദിവാസി പഠിതാക്കൾ കോവിഡ് മഹാമാരിയെ അതിജീവിച്ചും ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി എന്നത് അഭിമാനകരമായ കാര്യമാണ്. അതിലേറെ അഭിമാനകരമാണ് പരീക്ഷയെഴുതിയവരിൽ 173 പേർ വിജയിച്ചത്.
അവസരം നൽകിയാൽ പഠിച്ച് മുന്നേറും എന്നതിന്റെ തെളിവാണ് ഈ 77.57 ശതമാനം വിജയം. വയനാട് ജില്ലയിൽ നിന്ന് മാത്രം 62 പേർ വിജയിച്ചു എന്നതും കേരളത്തിന്റെ തുടർവിദ്യാഭ്യാസ രംഗത്തെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനും കൊഴിഞ്ഞുപോയവരെ വിദ്യാഭ്യാസം ചെയ്യിക്കാനും വിജയിക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക എന്നത് സർക്കാരിന്റെ നയമാണ്.
പലഘട്ടങ്ങളിലായി കൊഴിഞ്ഞുപോയവരെ കണ്ടെത്തി പഠിപ്പിക്കാനുള്ള പ്രവർത്തനം ട്രൈബൽ വകുപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. അതിന് ഏറ്റവും പ്രയോജനമാകുന്നതാണ് സാക്ഷരതാമിഷന്റെ പ്രവർത്തനം. ആദിവാസി വിഭാഗത്തിന് ആവശ്യമായത് അവർക്കിടയിൽ തന്നെ ചർച്ചചെയ്ത് നടപ്പാക്കുന്ന രീതിയാണ് ഏറ്റവും ഫലപ്രദം എന്നിരിക്കെ അത്തരത്തിലുള്ള തുടർവിദ്യാഭ്യാസ പദ്ധതികളാണ് സാക്ഷരതാമിഷൻ നടത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. പട്ടികവർഗ വകുപ്പും സാക്ഷരതാമിഷനും ചേർന്ന് തുടർവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചാൽ വിദ്യാഭ്യാസ നിലവാരം ഇനിയും ഉയർത്താനാകും.
ആദിവാസി ഊരുകൾ ഇപ്പോൾനേരിടുന്ന പ്രശ്നം ഡിജിറ്റൽ വിദ്യാഭ്യാസത്തിനുള്ള സാധ്യതകളാണ്. ഇന്ററ്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാകാത്ത ഇടങ്ങളിൽ അതെത്തിക്കാനുള്ള ഫലപ്രദമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. ഇത് പൂർത്തിയാവുന്നതോടെ തുടർവിദ്യാഭ്യാസ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കാനാകും. ആദിവാസികളായ രക്ഷിതാക്കൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സാക്ഷരതാമിഷൻ സ്വീകരിക്കണമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
You must be logged in to post a comment Login