കണ്ണൂർ: വീടുകളിൽ മാർച്ചോടെ പൈപ്പുവഴി പാചകവാതകം എത്തിക്കാനുള്ള നടപടി അന്തിമഘട്ടത്തിൽ. ഇതിനായുള്ള സിറ്റി വാതക സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുകയാണ്. കൊച്ചി – മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ പദ്ധതി യാഥാർഥ്യമായതോടെയാണ് വീടുകളിൽ പൈപ്പ്ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി കണ്ണൂർ, കാസർകോട് ജില്ലകളിൽ പൂർത്തിയാകുന്നത്. ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് വാതകത്തിന്റെ വിതരണം.
മാർച്ചോടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെ വീടുകളിൽ പൂർണമായും വാതകം എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാളിയിലാണ് വാതക സ്റ്റേഷൻ നിർമിക്കുന്നത്. വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അരയിഞ്ച് പോളിത്തീൻ പൈപ്പാണിടുന്നത്. കോവിഡ് പ്രതിസന്ധി, മഴ എന്നിവ കാരണമാണ് പ്രവൃത്തി നീണ്ടുപോയത്. ഇതിനൊപ്പം ചാലോട് –മേലെചൊവ്വ മെയിൻ പൈപ്പ്ലൈനിന്റെ പണിയും ആരംഭിക്കും. ജില്ലയിലെ 53 വില്ലേജുകളിലെ 82 കിലോമീറ്റർ പ്രദേശത്തിലൂടെയാണ് കൊച്ചി –മംഗളൂരു ഗെയിൽ മേജർ പൈപ്പ്ലൈൻ പോകുന്നത്.
കൂടാളിയിലെ വാതക സ്റ്റേഷന് സമീപമുള്ള വീട്ടുകാർക്കാണ് ആദ്യം കണക്ഷൻ നൽകുക. കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ സിറ്റി ഗ്യാസ് ആദ്യം എത്തും. ഘട്ടംഘട്ടമായി തലശ്ശേരി –മാഹി മെയിൻ പൈപ്പ് ലൈനിന്റെയും തളിപ്പറമ്പിലേക്കുള്ള ലൈനിന്റെയും പണി തുടങ്ങും. പൈപ്ഡ് നാച്വറൽ ഗ്യാസിനു (പി.എൻ.ജി) പുറമെ മോട്ടോർ വാഹനങ്ങൾക്ക് കംപ്രസ്ഡ് നാച്വറൽ ഗ്യാസും (സി.എൻ.ജി) വിതരണംചെയ്യാൻ പദ്ധതിയുണ്ട്. വിമാനത്താവള നഗരിയായ മട്ടന്നൂരിലും വിതരണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. തുടർന്ന് സമയ ബന്ധിതമായി മലയോരത്തും പദ്ധതി വിപുലീകരിക്കും. കടവത്തൂർ, ഓലായിക്കര, കൂടാളി, അമ്മാനപ്പാറ, മാത്തിൽ, ബാവുപ്പറമ്പ് എന്നിവിടങ്ങളിലും ഭാവിയിൽ ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും.
വീടുകൾക്കുപുറമെ വാഹനങ്ങൾക്ക് സി.എൻ.ജി വിതരണവും പദ്ധതിയിലുണ്ട്. ഇതിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രത്യേക രജിസ്ട്രേഷനും ഡെപ്പോസിറ്റ് തുകയും സ്വീകരിച്ചായിരിക്കും കണക്ഷൻ നൽകുക. മർദം കുറച്ച് പൈപ്പ് വഴിയെത്തിക്കുന്ന പാചകവാതകം വീടുകളിൽ പ്രത്യേക വാൽവ് സ്ഥാപിച്ചാണ് വിതരണം ചെയ്യുക. വാൽവിനോടനുബന്ധിച്ചായിരിക്കും മീറ്റർ സ്ഥാപിക്കുക. മീറ്ററിലെ അളവനുസരിച്ച്, ഉപയോഗിച്ച പാചകവാതകത്തിന് മാത്രം ഉപഭോക്താവ് പണമടച്ചാൽ മതി.
ഗെയിൽ പൈപ്പ്ലൈൻ വഴി സിറ്റി സ്റ്റേഷനിലെത്തിക്കുന്ന പാചകവാതകം മർദം കുറച്ചാണ് വീടുകളിലേക്ക് വിതരണം ചെയ്യുക. പൊതു പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർവരെ സൗജന്യമാണ്. ഉപയോഗിക്കുന്നതിനു മാത്രം വില നൽകിയാൽ മതി. 24 മണിക്കൂറും ലഭ്യമാകും. എൽ.പി.ജി പാചകവാതകത്തേക്കാൾ 30 ശതമാനം വില കുറയും.
You must be logged in to post a comment Login