നമ്മുടെ ആരോഗ്യത്തെയും അനാരോഗ്യത്തെയുമെല്ലാം നിശ്ചയിക്കുന്നതില്‍ ഹൃദയത്തിനുള്ള പങ്ക് വലുതാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ അത് നമ്മുടെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കോവിഡ്-19 മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ഹൃദയത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കോവിഡ് ബാധിച്ചവരില്‍ ഹൃദ്രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശീലമാക്കേണ്ട ഏതാനും ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. നട്‌സ്
ഊര്‍ജം, പ്രോട്ടീന്‍, നല്ല കൊഴുപ്പ് എന്നിവയുടെ കലവറ എന്നതിന് പുറമെ നട്‌സ് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. നട്‌സില്‍ പീ-നട്‌സാണ് ഹൃദയത്തിന് ഏറ്റവും ഉത്തമം. ഭക്ഷണത്തിനുശേഷം പീ-നട്‌സ് കഴിക്കുന്നത് ശീലമാക്കിയാല്‍ ഹൃദയപ്രവര്‍ത്തനം സുഗമമായി നടക്കാന്‍ സഹായിക്കുമെന്ന് യു.എസിലെ പെന്‍സിന്‍വാനിയയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
2. ബെറികള്‍
ബ്ലൂബെറി, ക്രാന്‍ബെറി എന്നിവയില്‍ ധാരാളമായി ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ ഈ ബെറികള്‍ക്ക്a കഴിയും. അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ക്രാന്‍ബെറിയില്‍ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റായ പോളിഫിനോള്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
3. ഓറഞ്ച്
സിട്രസ് വിഭാഗത്തില്‍പ്പെടുന്ന പഴങ്ങളിളില്‍ ധാരളമായടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. സിട്രസ് പഴങ്ങളില്‍ ഓറഞ്ചാണ് ഇതില്‍ കേമന്‍. ഓറഞ്ചിലുള്ള പൊട്ടാസ്യം ഒന്നാന്തരം ഇലക്ട്രോലൈറ്റാണ്. ഇത് നമ്മുടെ ഹൃദയപ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടുകളില്ലാതെ നടക്കുന്നതിന് സഹായിക്കും. സിട്രസ് പഴങ്ങള്‍ ശീലമാക്കിയാല്‍ പൊണ്ണത്തടികൊണ്ടുള്ള ഹൃദയരോഗങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
4. മത്സ്യം
ചെമ്പല്ലി, അയല, പുഴമീന്‍, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
5. തണ്ണിമത്തന്‍
ശരീരഭാരം കുറയ്ക്കുന്നതിന് തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണെന്ന് യു.എസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തെ മോശമായി ബാധിക്കുന്ന കൊളസ്‌ട്രോള്‍ ഉത്പാദനം തടയുന്നതിനും തണ്ണിമത്തന്‍ സഹായിക്കും. ധമനികളില്‍ അടിഞ്ഞുകൂടി ബ്ലോക്കുകള്‍ രൂപപ്പെടുന്നതിന് കാരണമായ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ (ചീത്ത കൊളസ്‌ട്രോള്‍) ഉത്പാദനം തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. ഇത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും
6. ഓട്‌സ്
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഓട്‌സിന് കഴിയുമെന്ന് അമേരിക്കയിലെ 11 മുതിര്‍ന്ന ഗവേഷകര്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തിടെ വ്യക്തമാക്കിയിരുന്നു. ഓട്‌സ് എന്നും ശീലമാക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയ്ക്കുമെന്നും അതുവഴി ഹൃദയധമനികളെ കാക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
7. തേങ്ങാവെള്ളം
നമ്മുടെ നാട്ടില്‍ സുലഭമായി ലഭ്യമായ ഒന്നാണ് തേങ്ങാവെള്ളം. മിക്കവരും ഇത് പാഴാക്കി കളയുകയാണ് പതിവ്. നിര്‍ജലീകരണം ഹൃദയപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും രക്തത്തിന്റെ പമ്പിങ് പ്രയാസപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. കലോറി ഇല്ലാത്ത പഞ്ചസാരയുടെ അളവ് കുറഞ്ഞ തേങ്ങാവെള്ളം ഹൃദയപേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
You must be logged in to post a comment Login