കണ്ണൂർ: ഐസിസ് ബന്ധം ആരോപിച്ച് കണ്ണൂരിൽനിന്ന് അറസ്റ്റുചെയ്ത ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങൾ വടക്കൻ ജില്ലകളിൽ സജീവമാണെന്ന് എൻ.ഐ.എ കണ്ടെത്തി. പത്തു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ശൃംഖല ഏത് സമയത്തും സജീവമാകാൻ തയാറായിരിക്കുകയാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങൾ വഴി നൂറോളം യുവതികളാണ് ഐസിസ് ആശയങ്ങൾ പങ്കുവെച്ചിരുന്നതെന്ന് വടക്കൻ മലബാർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി പ്രവർത്തിച്ചിരുന്ന രണ്ട് യുവതികളെ 17നാണ് കണ്ണൂരിൽ നിന്നും അറസ്റ്റുചെയ്തത്. യുവതികളെ ഇന്നലെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്ലീപ്പിംഗ് സെല്ലുകൾ അഫ്ഗാൻ പ്രശ്നം ഉടലെടുത്തതോടെ സജീവമായതാണ് അറസ്റ്റിൽ നിർണായകമായത്.
ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളാണ് ഇത്തരം സെല്ലുകളുടെ തലപ്പത്തുള്ളത്. പ്രത്യേക ആപ്പ് ഉപയോഗിച്ച് നിശബ്ദമായി ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇവർ. സ്‌കൂളുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകൾ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികളിൽ സംശയം സൃഷ്ടിച്ചിരുന്നു. കേരളത്തിൽ ഐസിസിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന മൊഹമ്മദ് അമീന്റെ നിർദ്ദേശം അനുസരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഐസിസിനായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഇവർ പ്രവർത്തിച്ചു. അതിനായി ടെലിഗ്രാമിലും ഹൂപ്പിലും ഇൻസ്റ്റാഗ്രാമിലും ഐസിസ് ആശയങ്ങൾ പടർത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. എൻ.ഐ.എയുടെ ഇരുപതോളം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മംഗളൂരു, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പടന്ന, മാട്ടൂൽ, മട്ടന്നൂർ, നാറാത്ത്, വടകര, എടക്കാട്, തളിപ്പറമ്പ് ഭാഗങ്ങളിൽ നിരീക്ഷണത്തിലാണ്. ചിലരെ സംശയിച്ചതിനാൽ അരയും തലയും മുറുക്കിയുള്ള അന്വേഷണത്തിലാണിവർ.
മിസ്ഹയ്ക്കും ഷിഫയ്ക്കും മികച്ച സാങ്കേതിക പരിജ്ഞാനം ലഭിച്ചിരുന്നെന്ന് എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് സാങ്കേതിക സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. തങ്ങളുടെ ആശയങ്ങൾക്ക് എതിരുനിൽക്കുന്ന പെൺകുട്ടികളെ മാനസികമായി തളർത്താനും അപായപ്പെടുത്താനുമായി ഇവർ ചാവേർ സംഘം രൂപീകരിച്ചിരുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
മിസ്ഹ സിദ്ദിഖ് മറ്റ് ഭീകരർക്കൊപ്പം ടെഹ്റാനിലേക്ക് പോയിരുന്നു. ഇതുവഴി സിറിയയിലെത്താനായിരുന്നു ശ്രമം. അടുത്ത ബന്ധുക്കളായ മുഷാബ് അൻവറിനെയും ഷിഫ ഹാരിസിനെയും ഐസിസ് ആശയത്തിലേക്ക് അടുപ്പിച്ചത് മിസ്ഹ സിദ്ദിഖ് ആണ്. മുഹമ്മദ് വഖാർ ലോൺ എന്ന കശ്മീരി സ്വദേശിക്ക് ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് കൈമാറുന്നതിൽ ഷിഫ ഹാരിസ് പ്രധാന പങ്കുവഹിച്ചെന്നും ഐസിസ് ഭരണത്തിന്റെ അധീനതയിലുള്ള സ്ഥലത്തെത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാൻ ഷിഫ ഹാരിസ് തീരുമാനിച്ചിരുന്നെന്നും എൻ.ഐ.എ വ്യക്തമാക്കി.
You must be logged in to post a comment Login