കണ്ണൂര്‍: ബ്ലോക്ക് പഞ്ചായത്തിലെ ഡയാലിസിസ് രോഗികള്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രം അഴീക്കോട്ട് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ ഡയാലിസിസ് രോഗികളുടെ ദീര്‍ഘ നാളത്തെ ആവശ്യമായിരുന്നു പ്രദേശത്ത് ഒരു ഡയാലിസിസ് കേന്ദ്രം എന്നുള്ളത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്ന പദ്ധതി പുതിയ ഭരണസമിതിയാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്.
അഴീക്കോട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്തി സെന്ററോട് ചേര്‍ന്ന് കേന്ദ്രത്തിനായുള്ള കെട്ടിടവും ആര്‍.ഒ. പ്ലാന്റും ഒരുങ്ങിക്കഴിഞ്ഞു. ഒമ്പത് ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടേക്കുള്ള നാല് ഡയാലിസിസ് യന്ത്രങ്ങള്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കും. ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവ് കണക്കാക്കപ്പെടുന്നത്. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുക. ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയാണ് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് കേന്ദ്രത്തിനായി വകയിരുത്തിട്ടുള്ളത്. 18 ലക്ഷം രൂപ കഴിഞ്ഞ ഭരണസമിതി ആര്‍.ഒ. പ്ലാന്റ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി വകയിരുത്തിയിരുന്നു. ഏഴ് ലക്ഷം രൂപ പുതിയ ഭരണ സമിതിയും ഇതിനായി നീക്കിവച്ചിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും കൂടുതല്‍ യന്ത്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നുണ്ട്.
കണ്ണൂര്‍ റവന്യൂ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന അഴീക്കോട്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ചിറക്കല്‍ പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ കേന്ദ്രത്തിന്റെ സേവനം ലഭിക്കുക. സൊസൈറ്റി രൂപീകരിച്ച് ഇതിന്റെ നടത്തിപ്പിനാവശ്യമായ തുടര്‍ ചെലവുകള്‍ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. ജിഷ പറഞ്ഞു. എന്‍.എച്ച്.എമ്മിന്റെയും സൊസൈറ്റിയുടെയും സഹകരണത്തോടെ ആവശ്യമായ ടെക്നീഷ്യന്മാരെ നിയമിക്കും. നവംബറോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള ചെലവ് കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ സുമനസ്സുകളുടെ സഹായമുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
നൂറോളം ഡയാലിസിസ് രോഗികളാണ് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിയിലുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് ഈടാക്കുന്ന തുക സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. അതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. കൊവിഡ് വ്യാപനവും തുടര്‍ന്ന് ഡയാലിസിസ് രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ മേഖലയിലെ രോഗികള്‍ക്ക് പുതിയ സെന്റര്‍ വലിയ ആശ്വാസമാവും.
You must be logged in to post a comment Login