തലശ്ശേരി: പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വ്യവസായിയും ഷറാറ ഗ്രൂപ്പ് ഉടമയുമായ കുറുവാൻകണ്ടി ഷറഫുദ്ദീനെ (68) ആശുപത്രിയിൽ നിന്നും കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി. പീഡനക്കേസ് വിവാദമായതോടെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടലും ഉണ്ടായി. കമ്മീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ ഇന്ന് വൈകുന്നേരത്തോടെ തലശ്ശേരിയിൽ എത്തും. നിലന്പൂരിലെ സിറ്റിംഗിന് ശേഷമാണ് അദ്ദേഹം തലശേരിയിൽ എത്തുന്നത്.
പ്രതിയെ രക്ഷിക്കാനുള്ള നീക്കം ഊർജിതമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് പോക്സോ കേസിലെ നിരീക്ഷണ അതോറിറ്റി കൂടിയായ ബാലാവകാശ കമ്മീഷൻ ഇടപെടുന്നത്. പീഡനം സംബന്ധിച്ച് വിശദമായ വിവരങ്ങൾ കമ്മീഷന് ലഭിച്ചതായും ഗൗരവമായി കണ്ട് നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷറഫുദ്ദീനെ വ്യാഴാഴ്ച വൈകുന്നേരം 5.30-നാണ് കണ്ണൂർ സബ് ജയിലിൽ എത്തിച്ചത്. ഇവിടെ ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നുള്ള കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഉന്നതന്റെ സമ്മർദ്ദത്തെ തുർന്ന് പ്രതിയെ പരിയാരത്ത് തന്നെ തുടരാൻ ശക്തമായ നീക്കമാണ് നടന്നത്. എന്നാൽ കോടതിയുടെ അനുമതിയോടെ പ്രതിയെ മെഡിക്കൽ ബോർഡിനു മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് അയക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി പ്രതിയെ ആൻജിയോ ഗ്രാമിന് വിധേയനാക്കിയിരുന്നു. കാര്യമായ കുഴപ്പങ്ങളില്ലെന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. എന്നിട്ടും പ്രതിയെ ഡിസ്ചാർജ് ചെയ്ത് ജയിലിലേക്കയക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് ആരോപണമുണ്ട്. ഒടുവിൽ തലശേരി പോലീസ് അസി. കമ്മീഷണർ വി. സുരേഷ് മെഡിക്കൽ ബോർഡിന് മുമ്പാകെ പ്രതിയെ ഹാജരാക്കാനുള്ള സാധ്യത ആരാഞ്ഞതോടെയാണ് വൈകുന്നേരത്തോടെ പ്രതിയെ ഡിസ്ചാർജ് ചെയ്ത് ജയിലിലെത്തിച്ചത്.
ആശുപത്രി വാസത്തിനിടയിൽ ജാമ്യം നേടാനുള്ള പ്രതിയുടെ നീക്കമാണ് പോലീസ് പൊളിച്ചത്. ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിലെ മറ്റൊരു പ്രതിയായ യുവതിയെ കണ്ടെത്താൻ പോലീസ് മുഴപ്പിലങ്ങാട് മേഖലയിൽ റെയ്ഡ് നടത്തി. കൈക്കുഞ്ഞുമായിട്ടാണ് യുവതി ഒളിവിൽ പോയിട്ടുള്ളതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഷറാറ ഷറഫുദ്ദീൻ ജില്ലാ സെഷൻസ് കോടതിയിൽ (അതിവേഗ കോടതി -ഒന്ന്) നൽകിയ ജാമ്യ ഹർജി കോടതി ജൂലൈ അഞ്ചിലേക്ക് മാറ്റി.
കഴിഞ്ഞ മാർച്ച് 25-നായിരുന്നു കേസിനാസ്പദമായ സംഭവം. കതിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയും ഭാര്യയും ചേർന്ന് പെൺകുട്ടിയെ ധർമ്മടത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു വരികയായിരുന്നു. ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ സൂത്രത്തിൽ ഓട്ടോറിക്ഷയിൽ കയറ്റിയത്. തുടർന്ന് ഇവർ കുയ്യാലിയിലെ ഷറഫുവിന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
You must be logged in to post a comment Login