കണ്ണൂർ: സ്വന്തം കെട്ടിടങ്ങൾക്കായി ഏറ്റെടുത്ത സ്ഥലം മുപ്പതും നാൽപ്പതും വർഷമായി കാടുപിടിച്ചുകിടക്കുന്നു. മിക്ക ഓഫീസുകളും വാടകക്കെട്ടിടങ്ങളിൽ. തകർന്ന കോണിപ്പടികൾ, ചോർന്നൊലിക്കുന്ന മുറികൾ. ജില്ലയിലെ പോസ്റ്റോഫീസ് കെട്ടിടങ്ങളുടെ ദൈന്യചിത്രമാണിത്.
പലയിടത്തും വലിയ വാടക കൊടുക്കാനില്ലാത്തതിനാൽ ഇപ്പോഴും പഴയ കെട്ടിടങ്ങളിൽ ഞെങ്ങിഞെരുങ്ങിയാണ് ജീവനക്കാർ ജോലിയെടുക്കുന്നത്. പരാതി പറഞ്ഞിട്ട് കാര്യമില്ല. സൗകര്യമില്ലെങ്കിൽ പൂട്ടിക്കോ എന്ന മനോഭാവമാണ് അധികൃതർക്ക്.
ജില്ലയിൽ തലശ്ശേരി, കണ്ണൂർ എന്നീ രണ്ട് പോസ്റ്റൽ ഡിവിഷനുകളാണുള്ളത്. കണ്ണൂർ ഡിവിഷനിൽ ആകെയുള്ള 66 ഡിപ്പാർട്ട്‌മെന്റ് ഓഫീസ് കെട്ടിടങ്ങളിൽ ആറെണ്ണത്തിന് മാത്രമാണ് സ്വന്തമായി കെട്ടിടങ്ങൾ. ചിറക്കൽ, പള്ളിക്കുന്ന്, പഴയങ്ങാടി, കൊളച്ചേരി, പയ്യാമ്പലം, കണ്ണൂർ റെയിൽവേ എന്നിവിടങ്ങളിലും കണ്ണൂർ, തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസുകൾക്കും സ്വന്തമായ കെട്ടിടം ഉണ്ട്. 163 ബ്രാഞ്ച് ഓഫീസുകൾ മുഴുവനും വാടകക്കെട്ടിടങ്ങളിലാണ്.
ഡിപ്പാർട്ടമെന്റ് പോസ്റ്റ് ഓഫീസുകളിൽപെട്ട അഞ്ചരക്കണ്ടി, മാമ്പ, വളപട്ടണം, ചെറുപുഴ, ചെറുകുന്ന്, പയ്യന്നൂർ, മാട്ടൂൽ എന്നിവിടങ്ങളിൽ കെട്ടിടങ്ങൾക്കായി 30 വർഷം മുൻപ് ഏറ്റെടുത്ത സ്ഥലം കാടുപിടിച്ചുകിടക്കുന്നു. ഇതിൽ പലസ്ഥലവും കൈയേറ്റത്തിന് വിധേയമാണ്.
തലശ്ശേരി ഡിവിഷനിൽ 49 ഡിപ്പാർട്ട്‌മെന്റ് പോസ്റ്റാഫീസും 210 ബ്രാഞ്ച് പോസ്റ്റാഫീസുമാണുള്ളത്. ഇതിൽ കൂത്തുപറമ്പ്, ധർമടം, ടെമ്പിൾഗേറ്റ്, തലശ്ശേരി ഹെഡ്‌പോസ്റ്റ് ഓഫീസ് എന്നിവയ്ക്കാണ് സ്വന്തമായി കെട്ടിടം ഉള്ളത്.
ചിറക്കര, തിരുവങ്ങാട്, ചൊക്ലി, പെരിങ്ങത്തൂർ, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ, കേളകം എന്നീ പോസ്റ്റ് ഓഫീസുകൾക്കായി 30 വർഷം മുൻപ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. എല്ലാം കാടുപിടിച്ചുകിടക്കുന്നു. മട്ടന്നൂരും പേരാവൂരും കെട്ടിടം ചോർന്നൊലിക്കുന്നു. ബ്രാഞ്ച് പോസ്റ്റ് ഓഫീസ് മുഴവനും വാടകക്കെട്ടിടങ്ങളിലാണ്.
പത്തായക്കുന്ന്, കതിരൂർ തുടങ്ങിയ തപാലാപ്പീസുകൾ ശോച്യാവസ്ഥയിലാണ്. ഏച്ചൂർ, മുണ്ടയാട് ഓഫീസുകൾ സ്ഥലമില്ലാതെ ഞെരുങ്ങുന്നു. മുണ്ടയാട് ഗുഹപോലുള്ള ഒരു ഒറ്റമുറി കെട്ടിടത്തിനുള്ളിലാണ് മൂന്നുനാലുപേർ ജോലിചെയ്യുന്നത്.
ബ്രാഞ്ച് പോസ്റ്റാഫീസുകളുടെ കെട്ടിടങ്ങൾ കൈകാര്യം ചെയ്യേണ്ടത് അതത് പോസ്റ്റ് ഓഫീസിന്റെ ചുമതലയാണ്. ചെറിയ വാടകയ്ക്ക് എവിടെയും നല്ല സ്ഥലം കിട്ടാനില്ല. രണ്ടാംനിലയിൽ തകർന്ന ഏണിയിലൂടെ പ്രായമായവർക്കും സ്ത്രീകൾക്കും കയറിപ്പോകാനാകാത്ത സ്ഥിതിയുണ്ട്. 5 മുതൽ 15 സെന്റ് വരെ സ്ഥലം പല ഓഫീസുകൾക്കുമായി അക്വയർ ചെയ്തിട്ടുണ്ട്.
പുതിയതെരുവിൽ ചിറക്കൽ പോസ്റ്റ് ഓഫീസിന്റെ വടക്കുഭാഗത്തെ ചുറ്റുമതിൽ പകുതിയിലധികവും ഇടിഞ്ഞുവീണിട്ട് വർഷങ്ങളായി. കാവിൻമൂലയ്ക്ക് സമീപം മാമ്പ പോസ്റ്റ്ഓഫീന് കെട്ടിടം നിർമിക്കാനായി ഏറ്റെടുത്ത സ്ഥലം സ്വകാര്യ വ്യക്തികൾ വെട്ടിത്തെളിച്ച് റോഡാക്കിയിട്ടുണ്ട്. 2013-ൽ നടന്ന കൈയേറ്റത്തെക്കുറിച്ച് പോസ്റ്റൽ അധികൃതർ കാര്യമാക്കിയിട്ടില്ല. അഞ്ചരക്കണ്ടിയിൽ ഏറ്റെടുത്ത സ്ഥലത്തും കൈയേറ്റമുണ്ട്. ചിറക്കര പോസ്റ്റ് ഓഫീസിന് വേണ്ടി ഏറ്റെടുത്ത സഥലത്തിന്റെ ചുറ്റുമതിലുകൾ തകർന്നു. വിവിധ പോസ്റ്റ് ഓഫീസുകൾക്ക് വേണ്ടി ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും കൈയേറ്റ ഭീഷണിയിലാണ്.
പോസ്റ്റ് ഓഫീസിന്റെ സുരക്ഷയും പ്രധാനമാണ്. ഡിപ്പാർട്ട്മെന്റ് പോസ്റ്റ് ഓഫീസുകളിൽ എല്ലാം പ്രതിമാസം 20 മുതൽ 40 ലക്ഷം രൂപയുടെ നിക്ഷേപങ്ങളും മറ്റും കൈകാര്യംചെയ്യുന്നുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ മിക്കസ്ഥലത്തും പരിതാപകരമായ സ്ഥിതിയിലാണ്.
You must be logged in to post a comment Login