ഇരിട്ടി: കെട്ടിട ഉടമക്കെതിരെ തെറ്റായ സർവേ റിപ്പോര്‍ട്ട് നല്കിയ സംഭവത്തില്‍ ഇരിട്ടി താലൂക്കിലെ രണ്ട് സർവേയര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍വേ ഡയറക്ടര്‍ ഉത്തരവിട്ടു. താലൂക്ക് സർവേയര്‍മാരായ സുരേഷ്, ജില്‍സ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ഇരുവരെയും ഇടുക്കിയിലേക്ക് സ്ഥലം മാറ്റാനാണ് ഉത്തരവ്. പായം കോളിക്കടവിലെ കരിപ്പായി ഹൗസില്‍ ജിനി പവിത്രന് നല്കിയ പരാതിയിലാണ് നടപടി.
ജിനി പവിത്രൻ്റെ ഉടമസ്ഥതയില്‍ കോളിക്കടവ് ടൗണിലുള്ള 23.5 സെൻറ് സ്ഥലത്ത് പഞ്ചായത്തിൻ്റെ അനുമതിയോടെ ഇരുനില ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ചിരുന്നു. പഞ്ചായത്ത് കെട്ടിട നമ്പറും അനുവദിച്ചു. എന്നാൽ, ഷോപ്പിങ് കോംപ്ലക്സ് പഴശ്ശി പദ്ധതിയുടെ സ്ഥലം കൈയേറിയാണ് നിര്മിച്ചതെന്നുകാണിച്ച് സ്വകാര്യ വ്യക്തി പഴശ്ശി ജലസേചന വിഭാഗത്തിന് പരാതി നല്കി. പഴശ്ശി അധികൃതരുടെ നിര്‍ദേശ പ്രകാരം താലൂക്ക് സര്‍വേയര്‍മാരായ ജില്‍സും സുരേഷുമാണ് സ്ഥലം അളന്നത്. ഇവര്‍ നടത്തിയ സര്‍വേയില്‍ കോംപ്ലക്സിന്റെ ഒരു ഭാഗത്ത് 80 സെൻറിമീറ്ററും മറ്റൊരു ഭാഗത്ത് 120 സെൻറിമീറ്ററും കൈയേറ്റം നടത്തിയതായി കാണിച്ച് ജലസേചന വിഭാഗത്തിന് റിപ്പോര്‍ട്ട് നല്കി. തുടർന്ന്, കൈയേറിയ ഭാഗം പൊളിച്ചുനീക്കാന്‍ ജലസേചന വിഭാഗം, കെട്ടിടം ഉടമക്ക് നോട്ടീസ് നല്കി. ഇതിനെതിരെ ജിനിയുടെ ഭര്‍ത്താവ് പവിത്രന് കൂത്തുപറമ്പ് മുന്‍സിഫ് കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങുകയായിരുന്നു.
ഇതിനൊപ്പം റവന്യൂ മന്ത്രിക്കും സര്‍വേ ഡയറക്ടര്‍ക്കും പരാതി നല്കി. റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സര്‍വേ ഡയറക്ടര്‍ ജില്ല സര്‍വേയറോട് സ്ഥലം അളന്ന് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചു. തുടർന്ന് ജില്ല സര്‍വേ സൂപ്രണ്ട് ബാലകൃഷ്ണൻ്റെ നേതൃത്വത്തില്‍ സ്ഥലം വീണ്ടും അളന്ന് അതിര്‍ത്തി നിര്‍ണയിച്ചു. കെട്ടിടം കൈയേറ്റ ഭൂമിയിലല്ലെന്നും കെട്ടിടത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ ചെറിയൊരു ഭാഗം ഒമ്പത് സെൻറി മീറ്റര്‍ പുറമ്പോക്കിലാണെന്നും കണ്ടെത്തി. സംരക്ഷണ ഭീത്തി പൊളിച്ചുകെട്ടാമെന്ന് കെട്ടിടം ഉടമ സമ്മതിച്ചതായും റിപ്പോര്‍ട്ട് നല്കി.
ഒരു സര്‍വേ നമ്പര്‍ മാത്രം അടിസ്ഥാനമാക്കി അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തിയത് താലൂക്ക് സര്‍വേയര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും കണ്ടെത്തി. പഴശ്ശി ജലസേചന ഭൂമി കൈയേറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് നല്കി.
അതേ സമയം ജോലിയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് സര്‍വേ ജീവനക്കാരന് ജില്‍സ് പറഞ്ഞു. ലഭ്യമായ രേഖകൾ അനുസരിച്ചാണ് സര്‍വേയും പരിശോധനയും നടത്തിയത്. അതുപ്രകാരം കൈയേറ്റം ഉള്ളതായി കണ്ടെത്തുകയും ചെയ്തു. പിന്നീട് മേലുദ്യോഗസ്ഥര്‍ വന്നുനടത്തിയ സര്‍വേയില്‍, കെട്ടിടം കൈയേറ്റം ഇല്ലെന്ന് കണ്ടെത്തിയതിനൊപ്പം സര്‍വേ നമ്പറില്‍ വ്യത്യാസം ഉണ്ടെന്നും കണ്ടെത്തി. നമ്പറിലെ ഈ വ്യത്യാസമാണ് തങ്ങളുടെ കണ്ടെത്തലിലെ പിശകിനു കാരണമെന്നും ജില്‍സ് പറഞ്ഞു.
You must be logged in to post a comment Login