ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിലൂടെ എണ്ണൂറോളം പേരിൽനിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. വിവിധ സംസ്ഥാനങ്ങളിൽനിന്നാണ് തട്ടിപ്പ് സംഘത്തിൽപ്പെട്ട എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ FCORD വിഭാഗത്തിന്റെ നേതൃത്വത്തിൽ 18 സംസ്ഥാനങ്ങളിലെ പോലീസ് സേനകളുമായി സഹകരിച്ചാണ് ഇവരെ കുടുക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവർ 20 കോടിയോളം രൂപയാണ് തട്ടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ എട്ട് പേരാണ് അറസ്റ്റിലായതെങ്കിലും ഓൺലൈൻ തട്ടിപ്പ് നടത്തുന്ന മുന്നൂറോളം പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ദിവസങ്ങളിൽ അറസ്റ്റിലായവരിൽ നാലു പേർ ജാർഖണ്ഡ് സ്വദേശികളാണ്. രണ്ട് മധ്യപ്രദേശ് സ്വദേശികളും രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളും പിടിയിലായിട്ടുണ്ട്. ഇവരിൽ മധ്യപ്രദേശ് സ്വദേശിയായ ഹുകും സിങ് ബൈസൻ, ജാർഖണ്ഡ് സ്വദേശി സഞ്ജയ് മഹ്തോ എന്നിവരാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനികൾ. റെയിൽവേയിൽ എൻജിനീയറായ ഹുകും സിങ് സിവിൽ സർവീസ് പരിശീലനം നേടുന്ന വിദ്യാർഥി കൂടിയാണ്.
FCORD നിയന്ത്രിക്കുന്ന സൈബർസേഫ് എന്ന ആപ്പിൽ ജൂൺ 11-ന് ലഭിച്ച ഒരു പരാതിയാണ് വമ്പൻ തട്ടിപ്പ് സംഘത്തെ പിടികൂടുന്നതിലേക്ക് നയിച്ചത്. 2019 ഓഗസ്റ്റിൽ പുറത്തിറക്കിയ ഈ ആപ്പിൽ വിവിധ അന്വേഷണ ഏജൻസികൾക്കും പോലീസിനുമാണ് പരാതിപ്പെടാൻ സൗകര്യമുള്ളത്. ഇത്തരത്തിൽ ഉദയ്പൂരിലെ ഒരു 78-കാരന് ഓൺലൈൻ തട്ടിപ്പിലൂടെ 6.5 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈബർ തട്ടിപ്പ് സംഘത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ കിട്ടിയത്.
78-കാരന്റെ അക്കൗണ്ടിൽനിന്ന് മൂന്ന് എസ്.ബി.ഐ. ഡെബിറ്റ് കാർഡുകളിലേക്കാണ് പണം പോയിരുന്നത്. ഈ കാർഡുകൾ ഉപയോഗിച്ച് വിലകൂടിയ 33 ഷവോമി മൊബൈൽ ഫോണുകൾ വാങ്ങിയതായും കണ്ടെത്തി. മധ്യപ്രദേശിലെ ബലാഘട്ടിലെ മേൽവിലാസത്തിലാണ് ഫ്ളിപ്കാർട്ടിൽനിന്ന് ഫോണുകൾ വാങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹുകും സിങ് ബൈസനെ പിടികൂടുകയും ഇയാളിൽനിന്ന് മൊബൈൽഫോണുകളും മറ്റും പിടിച്ചെടുക്കുകയുമായിരുന്നു. ഇതേസമയം ജാർഖണ്ഡ് സ്വദേശിയാണ് ആളുകളെ ഫോണിൽ വിളിച്ച് കാർഡ് നമ്പരും ഒ.ടി.പി.യും കൈക്കലാക്കുന്നതെന്നും കണ്ടെത്തി. ഉടൻതന്നെ ജാർഖണ്ഡ് പോലീസ് ഈ പ്രതിയെയും അറസ്റ്റ് ചെയ്തു.
ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പ്രതികൾ മൊബൈൽ ഫോണുകൾ വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. റീട്ടെയിൽ വിപണിയിൽ ലഭിക്കാത്ത ഓൺലൈനിൽ മാത്രം ലഭിക്കുന്ന ഫോണുകളാണ് വാങ്ങിയിരുന്നത്. ഓൺലൈൻ വ്യാപാര സൈറ്റുകളിൽനിന്ന് വിവിധ മേൽവിലാസങ്ങളിൽ വൻതോതിൽ ഇവ വാങ്ങിക്കൂട്ടിയ ശേഷം കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് സേനകൾ വ്യാപകമായ റെയ്‌ഡ് നടത്തിയിരുന്നു. ഏകദേശം 900 മൊബൈൽ ഫോണുകളാണ് ഇതിൽ പിടിച്ചെടുത്തത്. തട്ടിപ്പ് സംഘം ഉപയോഗിച്ചിരുന്ന നൂറോളം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ റെയ്‌ഡിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ആയിരത്തോളം ബാങ്ക് അക്കൗണ്ടുകളും നൂറുകണക്കിന് യു.പി.ഐ, ഇ-കൊമേഴ്സ് ഐ.ഡി.കളും അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന നിരവധി പേർ പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഇനിയും പിടിയിലാകുമെന്നാണ് റിപ്പോർട്ട്.
You must be logged in to post a comment Login