തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയിലും കടൽക്ഷോഭത്തിലും വ്യാപകനാശം, ഒരാൾ മരിച്ചു. ആലപ്പുഴ മാന്നാറിൽ വെള്ളക്കെട്ടിൽവീണ് ചെന്നിത്തല തൃപ്പെരുന്തുറ ഇടയാടി പുതുവൽ കൃഷ്‌ണൻകുട്ടി (87)യാണ് മരിച്ചത്. രൂക്ഷമായ കടലാക്രമണത്തിനൊപ്പം താഴ്‌ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി.
കനത്ത മഴയിലും കാറ്റിലും രൂക്ഷമായ കടൽക്ഷോഭത്തിലും തിരുവനന്തപുരം ജില്ലയിൽ വ്യാപകനാശം. ജില്ലയിൽ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റിപ്പാർപ്പിച്ചു. 32 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ദുരിതാശ്വാസ ക്യാമ്പുകൾക്കായി 318 കെട്ടിടം സജ്ജമാക്കി.
പത്തനംതിട്ട ജില്ലയിൽ തുടർച്ചയായ രണ്ടാംദിവസവും മഴ കനത്തു. മലയോര മേഖലയിലടക്കം 48 മണിക്കൂറിനിടെ ശക്തമായ മഴയാണ്. നിലവിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഇടുക്കിയിൽ മുല്ലപ്പെരിയാർ വൃഷ്ടി പ്രദേശങ്ങളിലും വെള്ളിയാഴ്ച കനത്ത മഴപെയ്തു. മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടർ വെള്ളിയാഴ്‌ച രാവിലെ എട്ടിന് 50 സെന്റീമീറ്റർ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
എറണാകുളം ജില്ലയിൽ ചെല്ലാനത്തും വൈപ്പിനിലും രൂക്ഷമായ കടലാക്രമണം. രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറി. ശക്തമായ തിരയിൽ കണ്ണമാലിയിൽ കടൽഭിത്തി തകർന്നു. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 36 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങൾക്ക് 28 അംഗ എന്‍.ഡി.ആര്‍.എഫ്. സംഘത്തെ ചെല്ലാനത്ത് നിയോഗിച്ചു. എറണാകുളം നഗരത്തിലെ താഴ്‌ന്നഭാഗങ്ങളിലും വെള്ളം കയറി. കോഴിക്കോട് ജില്ലയിലും കടലാക്രമണം ശക്തമായി. നിരവധി വീടുകളിൽ വെള്ളം കയറി. കൊയിലാണ്ടി കൊല്ലത്തും പാറപ്പള്ളിയിലും തീരദേശ റോഡ് ഭൂരിഭാഗവും കടലെടുത്തു. ഏഴുകുടിക്കൽ പാലത്തിന്റെ കൈവരി തകർന്നു. വെസ്‌റ്റ്ഹില്ലിൽ 70 കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. കടലുണ്ടിയിൽ നൂറിലേറെ വീടുകളിൽ വെള്ളം കയറി. വടകര ചോമ്പാൽ ഹാർബറിന് സമീപം തീരത്ത് നിർത്തിയിട്ട 10 വള്ളം തകർന്നു.
കോട്ടയം ജില്ലയിലും താഴ്‌ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. 24 മണിക്കൂറിൽ 10.74 സെ മീ മഴ ലഭിച്ചു.
ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴ, പുറക്കാട്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് തുടങ്ങിയയിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കുട്ടനാട്ടിൽ ചമ്പക്കുളം ഇല്ലിമുറി തെക്കേ 900 പാടത്ത് മടവീണു. എസി റോഡിൽ ചിലയിടത്ത് വെള്ളം കയറി. കരുമാടി മേലത്തുംകരി പാടശേഖരത്തിലും വെള്ളംനിറഞ്ഞ് വീടുകളിലേക്ക് കയറി. നെല്ല്, വാഴ, പച്ചക്കറി കൃഷിക്ക് നാശനഷ്‌ടമുണ്ടായി. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 അംഗ സംഘം ജില്ലയിലെത്തി.
തൃശൂർ ജില്ലയിൽ കടലാക്രമണം രൂക്ഷമായി. ചാവക്കാട് തീരത്ത് 150 ഓളം വീടുകളിൽ വെള്ളം കയറി. 11 വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷം. കൊടുങ്ങല്ലൂരിലും കടൽക്ഷോഭം രൂക്ഷമണ്. നാല് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 83 പേരെ മാറ്റിപ്പാർപ്പിച്ചു. എടവിലങ്ങ് കാരവാക്കടപ്പുറം ചോറ്റാനിക്കര ദേവീക്ഷേത്രം കടലാക്രമണത്തിൽ തകർന്നു.
കണ്ണൂർ ജില്ലയിൽ കണ്ണൂർ സിറ്റി, പയ്യാമ്പലം, തലശേരി ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. സിറ്റി മൈതാനപ്പള്ളിയിൽ കടൽഭിത്തി തകർന്നു. പയ്യാമ്പലത്ത് 15 മീറ്ററോളം കടൽ തീരത്തേക്ക് കയറി. നടപ്പാതയടക്കം തകർച്ചാ ഭീഷണിയിലാണ്. തലശേരി, കൊടുവള്ളി, ചാലിൽ, മട്ടാമ്പ്രം, തൊട്ടിപ്പാലം, ന്യൂമാഹി എന്നിവിടങ്ങളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കാസർകോട് ജില്ലയിൽ മലയോര പഞ്ചായത്തുകളിലാണ് കനത്ത നാശമുണ്ടായത്. മരങ്ങൾ വീണ് വീടുകൾ തകർന്നു. കാർഷിക വിളകൾ നശിച്ചു. മടിക്കൈയിൽ അഞ്ഞൂറോളം നേന്ത്രവാഴകൾ നശിച്ചു.മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ, താനൂർ, വള്ളിക്കുന്ന്, പരപ്പനങ്ങാടി മേഖലകളിൽ കടൽക്ഷോഭം രൂക്ഷം. പൊന്നാനി താലൂക്കിൽ നൂറിലധികം വീടുകളിലും തിരൂർ വെട്ടത്ത് രണ്ട് വീട്ടിലും വെള്ളം കയറി. പൊന്നാനി, പെരുമ്പടപ്പ്, വെളിയങ്കോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരൂർ കൂട്ടായിയിൽ 50 മീറ്ററോളം തീരം കടലെടുത്തു.
സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ കേന്ദ്ര- സംസ്ഥാന സേനകൾ സജ്ജമാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പതു സംഘത്തെ മുൻകരുതലായി വിന്യസിച്ചു.
ശനിയാഴ്‌ച അർധരാത്രിവരെ കേരള തീരത്ത് 3.8 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം. മീൻപിടിത്തത്തിന് നിരോധനം തുടരും.
അപകടമേഖലകളിലുള്ളവർ നിർദേശാനുസരണം മാറിത്താമസിക്കണം. ബോട്ടുകളും വള്ളങ്ങളും സുരക്ഷിത അകലത്തിൽ കെട്ടിയിടണം. മീൻപിടിത്ത ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ച് യാത്രയും കടലിലിറങ്ങുന്നതും പൂർണമായും ഒഴിവാക്കണം.
You must be logged in to post a comment Login